• ARE

മരച്ചീനി പപ്പടത്തിന്റെ വ്യവസായ സാധ്യതകള്‍

Updated: Jul 11, 2021


മലയാളിക്ക് പ്രിയപ്പെട്ട ഒരു പലഹാരമാണ് പപ്പടം.എണ്ണയിലിട്ട് കാച്ചിയെടുക്കുന്ന പപ്പടത്തിന്റെ മണം തന്നെ നമ്മെ ഹരം പിടിപ്പിക്കും.സദ്യകളില്‍ തുടക്കം തന്നെ പരിപ്പും പപ്പടവും നെയ്യും ചേര്‍ത്തുള്ള ഊണാണ്. പുട്ടും പയറും പപ്പടവും, കഞ്ഞിയും പപ്പടവും എന്നു തുടങ്ങി വൈകിട്ട് വെറുതെ ചായയ്‌ക്കൊപ്പമൊരു പപ്പടം ഇതെല്ലാം മലയാളിക്ക് ഒരു രുചി ശേഷമാണ്.

ഉഴുന്നുപൊടിയും അരിപ്പൊടിയും ഉപ്പും വെള്ളവും പപ്പടക്കാരവും ചേര്‍ത്താണ് ചെറിയ വട്ടത്തിലും വലിയ വട്ടത്തിലുമൊക്കെ പപ്പടം നിര്‍മ്മിക്കുന്നത്. എണ്ണയില്‍ പൊള്ളി ഉയരുന്ന പപ്പടത്തിനാണ് കേരളത്തില്‍ ഏറെ പ്രിയം. എന്നാല്‍ വടക്കേ ഇന്ത്യയില്‍ കുരുമുളക് ചേര്‍ത്ത പപ്പടമാണ് പ്രധാനം. ഇത് പൊള്ളി ഉയരില്ല.എണ്ണയില്‍ വറുത്തും തീക്കനലില്‍ ചുട്ടും ഈ പപ്പടം ഉപയോഗിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ഉഴുന്നിന് പകരം മരച്ചീനി ഉപയോഗിച്ചുണ്ടാക്കുന്ന പപ്പടത്തിന് പ്രിയം ഏറിവരുകയാണ്.തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ഇവ തയ്യാറാക്കി വിപണിയില്‍ എത്തിച്ചിരിക്കുന്നത്.ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ മിനി പപ്പടങ്ങള്‍ക്ക് നല്ല പ്രചാരം ലഭിച്ചുവരുന്നു.

മരച്ചീനി പൊടിയും പ്രോട്ടീന്‍ അടങ്ങിയ വെണ്ണ,കൊഴുപ്പ് നീക്കിയ സോയപൊടി,കൊഞ്ചുപൊടി, വേ പ്രോട്ടീന്‍ സത്ത്, മസാലകള്‍ എന്നിവ ചേര്‍ത്താണ് ഇവ തയ്യാറാക്കുന്നത്. പപ്പടം തയ്യാറാക്കി 36 മണിക്കൂര്‍ ഉണക്കിയ ശേഷം പായ്ക്ക് ചെയ്യുകയാണ് ചെയ്യുന്നത്.ഇത് തിളച്ച എണ്ണയില്‍ പൊരിച്ച് കഴിക്കാവുന്നതാണ്. ഏഴു മുതല്‍ പതിനഞ്ച് ശതമാനം വരെ പ്രോട്ടീനും 100 ഗ്രാം പപ്പടത്തില്‍ നിന്നും 420 മുതല്‍ 775 കിലോകലോറി വരെ ഊര്‍ജ്ജവും ലഭിക്കുമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ വെളിവാക്കുന്നു.

ഗുണമേന്മയുള്ള നാരുകള്‍ ചേര്‍ത്തും മിനി പപ്പടം ഉണ്ടാക്കുന്നുണ്ട്. മരച്ചീനിക്കുഴമ്പില്‍ അരിയുടെയോ ഗോതമ്പിന്റെയോ തവിട്,ഓട്‌സ്, മരച്ചീനി നാര് എന്നിവ മിക്‌സ് ചെയ്താണ് നാര് പപ്പടം ഉണ്ടാക്കുന്നത്. ഇതില്‍ മസാലകളും ചേര്‍ക്കും. 36 മണിക്കൂര്‍ സൂര്യപ്രകാശത്തില്‍ ഉണക്കി ഉപയോഗിക്കാം.

വറുത്ത് കറുമുറെ കഴിക്കാവുന്ന ഈ പപ്പടത്തില്‍ 10 ശതമാനം പ്രോട്ടീനും 100 ഗ്രാം പപ്പടത്തില്‍ 330 കിലോകലോറി ഊര്‍ജ്ജവും 8 മുതല്‍ 14 ശതമാനം വരെ ഭക്ഷ്യയോഗ്യമായ നാരുകളും അടങ്ങിയിട്ടുണ്ട്. മരച്ചീനി പോപ്പ്അപ്പ്‌സും മാര്‍ക്കറ്റിലെ കൗതുകമായി മാറുകയാണ്. പച്ചമരച്ചീനിയുടെ കുഴമ്പില്‍ മൈദ,വെണ്ണ,ഉപ്പ്,പഞ്ചസാര, ബേക്കിംഗ് പൗഡര്‍, വെള്ളകുരുമുളക് പൊടി എന്നിവ ചേര്‍ത്താണ് പോപ്പ്അപ്പ്‌സ് ഉണ്ടാക്കുക. കുഴച്ചമാവ് ഒരു മണിക്കൂര്‍ വച്ച ശേഷം ഷീറ്റില്‍ നിരത്തി ഒരു സെന്റീമീറ്റര്‍ വ്യാസത്തിലുള്ള ഡിസ്‌കുകളായി മുറിച്ചെടുക്കണം.എന്നിട്ട് എണ്ണയില്‍ വറുത്തെടുക്കണം.22.23 ശതമാനം പ്രോട്ടീനും നൂറുഗ്രാം പപ്പടത്തില്‍ 550 കിലോകലോറി ഊര്‍ജ്ജവും അടങ്ങിയതാണ് പോപ്പ്അപ്പ്‌സുകള്‍.

മരച്ചീനി ചിപ്‌സ് മാര്‍ക്കറ്റില്‍ സുലഭമാണെങ്കിലും ഉരുളക്കിഴങ്ങ് ചിപ്‌സിന്റെ പ്രചാരം കിട്ടയിട്ടില്ല. അതിന് പ്രധാന കാരണം ചിപ്‌സിന്റെ കാഠിന്യമാണ്. കടിച്ചാല്‍ പൊട്ടാത്ത ചിപ്‌സ് എന്നൊരപഖ്യാതിതന്നെ മരച്ചീനി ചിപ്‌സിനുണ്ട്. എന്നാല്‍ മരച്ചീനി ചിപ്‌സിനെ മൃദുവാക്കാനുള്ള കണ്ടുപിടുത്തവും കിഴങ്ങ് ഗവേഷണ കേന്ദ്രത്തില്‍ നടന്നു കഴിഞ്ഞു. വളരെ കുറഞ്ഞ അളവിലുള്ള ഒരു ആസിഡ് ട്രീറ്റ്‌മെന്റിലൂടെയാണ് മരച്ചീനിയെ മൃദുവാക്കി മാറ്റുന്നത്. അധികമായുള്ള അന്നജവും പഞ്ചസാരയും നീക്കം ചെയ്യുന്ന ഈ പ്രക്രീയയിലൂടെ നല്ല ഗുണമുള്ള മൃദുവായ ചിപ്‌സ് തയ്യാറാക്കാം.കൂടുതല്‍ വിളഞ്ഞ മരച്ചീനി ഇത്തരം ചിപ്‌സ് നിര്‍മ്മാണത്തിന് നല്ലതല്ല. 7-8 മാസം പ്രായമായ കിഴങ്ങുകളാണ് മികച്ച ഗുണം നല്‍കുക.

വ്യവസായികാടിസ്ഥാനത്തില്‍ ഇവ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുവര്‍ക്ക് സെന്‍ട്രല്‍ ട്യൂബര്‍ ക്രോപ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിനെ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ - 0471-2598551 - 4 , ഈമെയില്‍- ctcritvm@yahoo.com വെബ്‌സൈറ്റ് -www.ctcri.org

വിശദവിവരങ്ങൾക്കും സംശയനിവാരണങ്ങൾക്കും ഇത്തരം വാർത്തകൾക്കുമായി... #വെബ്സൈറ്റ്@ www.areklm.com #മൊബൈൽ & #ബിസനസ്_വാട്സാപ്പ്@ 00917907048573 #ഇ_മെയിൽ@ areklm0076@gmail.com