• ARE

പശു പരിപാലനം പശുക്കളുടെ'മെനു' ഒരുക്കുമ്പോള്‍: പശുവിന്റെ ആഹാര നിയമങ്ങള്‍


പശുവിന് പ്രതിദിനം ആവശ്യമായ ശുഷ്‌കാഹാരവും, പോഷക ഘടകങ്ങളും കൃത്യ അളവിലും അനുപാതത്തിലും ഉറപ്പുവരുത്തുന്ന തീറ്റയാണ് സമീകൃതാഹാരം. സമീകൃതാഹാരം നല്‍കുമ്പോഴും തയ്യാറാക്കുമ്പോഴും ചില വസ്തുതകള്‍ ഓര്‍ക്കണം.

  • തീറ്റയില്‍ ദഹനശേഷി കൂടിയ പോഷകവസ്തുക്കള്‍ സന്തുലിതമായി ഉള്‍പ്പെടുത്തണം. വ്യത്യസ്ത ഘടകങ്ങള്‍ കൃത്യമായി ഉള്‍പ്പെടുത്തിയാല്‍ തീറ്റ രുചികരമാവുകയും പോഷകന്യൂനത പരിഹരിക്കുകയും ചെയ്യും. തീറ്റ യുടെ രുചി കൂട്ടാന്‍ അല്‍പ്പം ഉപ്പോ, മൊളാസസ് ലായനിയോ (ശര്‍ക്കരപ്പാവ്) ചേര്‍ക്കാം.

  • ആകെ ശുഷ്‌കാഹാരത്തിന്റെ മൂന്നില്‍ രണ്ടുഭാഗം പച്ചപ്പുല്ലടക്കമുള്ള പരുഷാഹാരങ്ങളും, മൂന്നില്‍ ഒരു ഭാഗം കാലിത്തീറ്റയടക്കമുള്ള സാന്ദ്രീകൃത തീറ്റയും ഉള്‍പ്പെടുത്തണം. പരുഷാഹാരത്തിലെ നാരുകള്‍ ആമാശയ പ്രവര്‍ത്തനം സുഗമമാക്കും. പച്ചപ്പുല്ല് പശുക്കള്‍ക്ക് വയറ് നിറഞ്ഞു എന്ന തോന്നലുണ്ടാക്കും, ഒപ്പം ജീവകം - എ അടക്കമുള്ള പോഷകങ്ങളും പ്രദാനം നല്‍കും. ഉയര്‍ന്ന അളവില്‍ മാംസ്യവും, കാത്സ്യമടക്കമുള്ള ധാതുക്കളും അടങ്ങിയ പയറു വിളകള്‍ 3:1 അനുപാതത്തില്‍ ഉള്‍പ്പെടുത്തി പുല്‍പയര്‍ മിശ്രിതം നല്‍കുന്നത് പോഷക ലഭ്യത വര്‍ദ്ധിപ്പിക്കും.

  • ഉല്‍പാദനത്തിന്റെ അടിസ്ഥാനത്തില്‍ വേണം തീറ്റയില്‍ സാന്ദ്രീകൃതാഹാരങ്ങള്‍ ഉള്‍പ്പെടുത്താന്‍. പുതിയ തീറ്റകള്‍ ഘട്ടം ഘട്ടമായേ ഉള്‍പ്പെടുത്താവൂ. പുതിയ തീറ്റ ദഹിപ്പിക്കാന്‍ വയറ്റിലെ സൂക്ഷ്മാണുക്കളെ സജ്ജമാക്കുന്നതിന് വേണ്ടിയാണിത്. അല്ലെങ്കില്‍ വയറു സ്തംഭനം, വയര്‍ പെരുക്കം, ദഹനക്കേട്, വയറിളക്കം, തീറ്റമടുപ്പ് എന്നിവയ്‌ക്കെല്ലാം കാരണമാവും.

  • ധാന്യങ്ങള്‍ പൊടിച്ചും, നീണ്ട മാര്‍ദ്ദവമേറിയ, പുല്‍ തണ്ടുകള്‍ മുറിച്ചും, പുല്‍വെട്ടിയിലിട്ട് അരിഞ്ഞും നല്‍കിയാല്‍ തീറ്റയോടുള്ള താല്‍പര്യം കൂടും. തീറ്റ പാഴാവുന്നതും തടയാം. കാലിത്തീറ്റയും ഉണങ്ങിയ വൈക്കോലും നനച്ചും, എണ്ണക്കുരുക്കളും പിണ്ണാക്കുകളും വെളളത്തില്‍ കുതിര്‍ത്തിയും നല്‍കിയാല്‍ രുചികൂടും. പയറുവര്‍ഗ്ഗ ചെടികളും, ഇലകളും വാട്ടി നല്‍കാം. ആകെ അളവ് തീറ്റ തുല്യമായി വീതിച്ച് 2-3 തവണയായി വേണം നല്‍കേണ്ടത്.

  • ശരീരഭാരമനുസരിച്ച് പ്രതിദിനം 50-100 ഗ്രാം വീതം ധാതുലവണ മിശ്രിതങ്ങള്‍ തീറ്റയില്‍ ഉള്‍പ്പെടുത്തണം. അല്ലെങ്കില്‍ ആകെ സാന്ദ്രീകൃതതീറ്റ മിശ്രിതത്തില്‍ 2% എന്ന അളവില്‍ ധാതുമിശ്രിതവും 1% വീതം ഉപ്പും പ്രത്യേകം ചേര്‍ക്കണം. ധാതുലവണ മിശ്രിതങ്ങള്‍ വേണം.

  • ദിവസം മുഴുവനും ശുദ്ധജലം തൊഴുത്തില്‍ വേണം.

കറവപ്പശുവിന് തീറ്റയൊരുക്കുമ്പോള്‍

പശുക്കളില്‍ പ്രസവാനന്തരമുള്ള ആദ്യ രണ്ട് മാസം ഉണ്ടാകുന്ന ഊര്‍ജ്ജക്കമ്മി ഒഴിവാക്കാന്‍ അടങ്ങിയ സാന്ദ്രീകൃത തീറ്റകള്‍ പശുക്കള്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍ അളവ് നിര്‍ദ്ദേശിക്കപ്പെട്ട അളവിലും ഉയര്‍ന്നാല്‍ ആമാശയ അമ്ലത, കുളമ്പു വേദന (ലാമിനൈറ്റിസ്) അടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും. എണ്ണയും, മാംസ്യവും അടങ്ങിയ സാന്ദ്രീകൃതാഹാരങ്ങള്‍ അധികരിച്ചാല്‍ പുല്ലടക്കമുള്ള നാരുകളുടെ ദഹനം അവതാളത്തിലാവുകയും ചെയ്യും. എന്ന് കരുതി മതിയായ ഊര്‍ജ്ജ സാന്ദ്രതയുള്ള തീറ്റകള്‍ നല്‍കാതിരുന്നാലോ? ഊര്‍ജ്ജ കുറവ് കാരണമായുണ്ടാകുന്ന കീറ്റോസിസും, ഫാറ്റി ലിവര്‍ രോഗവുമെല്ലാം തൊഴുത്തുകയറി വരും. ഒപ്പം ശരീരഭാരവും, പ്രതിരോധശേഷിയും കുറയുന്നതോടെ സാംക്രമിക രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും കൂടും.

ഏകദേശം 300 കിലോ ശരീരഭാരമുള്ള കറവപ്പശുവിന് ശരീര സംരക്ഷണത്തിന് 1.5 കി.ഗ്രാം സാന്ദ്രീകൃതാഹാര മിശ്രിതവും പച്ചപ്പുല്ലും തീറ്റയില്‍ ഉള്‍പ്പെടുത്തണം. പച്ചപ്പുല്ല് കിട്ടാനില്ലെങ്കില്‍ 6 കിലോ വൈക്കോല്‍, 5 കിലോ പച്ചപ്പുല്ലില്‍ ചേര്‍ത്ത് നല്‍കാം. ഒപ്പം ശരീര സംരക്ഷണത്തിനായുള്ള സാന്ദ്രീകൃത തീറ്റയും നല്‍കണം. 300 കിലോഗ്രാമിന് മുകളില്‍ ഓരോ അധിക 50 കിലോഗ്രാം ശരീരഭാരത്തിന് അര കിലോ വീതം അധിക സാന്ദ്രീകൃത തീറ്റയും 4-5 കിലോ പുല്ലും നല്‍കണം.

അധിക സാന്ദ്രീകൃതാഹാരങ്ങള്‍ പശുക്കളുടെ ഉത്പാദനത്തെ അടിസ്ഥാനമാക്കിയാണ് തീറ്റയില്‍ ഉള്‍പ്പെടുത്തേണ്ടത്. ശരാശരി 4% കൊഴുപ്പുള്ള ഓരോ ലിറ്റര്‍ അധിക പാലിനും 400 ഗ്രാം വീതം സാന്ദ്രീകൃതാഹാരം തീറ്റയില്‍ ഉള്‍പ്പെടുത്തണം. അഞ്ച് ലിറ്ററില്‍ താഴെ മാത്രം ഉത്പാദനമുള്ള പശുക്കള്‍ക്ക് ഉത്പാദന റേഷനായി പ്രത്യേക സാന്ദ്രീകൃതാഹാരം നല്‍കേണ്ടതില്ല. പച്ചപ്പുല്ലില്‍ നിന്നു തന്നെ പോഷകങ്ങള്‍ അവയ്ക്ക് ലഭ്യമാവും. സാന്ദ്രീകൃതാഹാരങ്ങള്‍ വിപണിയില്‍ നിന്ന് വാങ്ങിയോ, വിവിധ സാന്ദ്രീകൃത തീറ്റ ഘടകങ്ങളും നമ്മുടെ ചുറ്റുവട്ടങ്ങളില്‍ ലഭ്യമായ കൊപ്ര പിണ്ണാക്ക്, പുളിങ്കുരു, മരച്ചീനിയവശിഷ്ടങ്ങള്‍, റബര്‍ക്കുരു തുടങ്ങിയ പാരമ്പര്യേതര തീറ്റകള്‍ ഉള്‍പ്പെടുത്തി തീറ്റ സ്വയം തയ്യാറാക്കിയോ പശുക്കള്‍ക്ക് നല്‍കാം.

പച്ചപ്പുല്ലിനൊപ്പം പയര്‍ വിളകളായ തോട്ടപ്പയര്‍, അമരപ്പയര്‍ പീലിവാക തുടങ്ങിയവ ചേര്‍ത്താല്‍ സാന്ദ്രീകൃത തീറ്റയുടെ അളവ് കുറയ്ക്കാം. ഒരു കിലോ കാലിത്തീറ്റയ്ക്ക് പകരം 6-8 കിലോ പയര്‍ വിളകള്‍ നല്‍കിയാല്‍ ഇവ വൈക്കോലിനൊപ്പം ചേര്‍ത്ത് നല്‍കണം. പയറിന്റെ തളിരിലകളില്‍ സാപോണിന്‍ എന്ന വിഷവസ്തുവിന്റെ അളവ് കൂടുതലായതിനാല്‍ മൂത്ത ഇലകള്‍ നല്‍കണം ഗര്‍ഭിണി പശുവിന് ചെനയുടെ ആറാം മാസം മുതല്‍ മാംസ്യ പ്രധാനമായ ഒരു കിലോഗ്രാം കാലിത്തീറ്റയും, അര കിലോഗ്രാം വീതം ഊര്‍ജ്ജദായകങ്ങളായ തീറ്റകളും (അരിക്കഞ്ഞി, ചോളപ്പൊടി, മരച്ചീനിപ്പൊടി, പുളിങ്കുരുപ്പൊടി തുടങ്ങിയവ) ഗര്‍ഭകാല റേഷനായി മറ്റു തീറ്റകള്‍ക്ക് പുറമെ നല്‍കണം. പാല്‍ ഉത്പാദനത്തിനൊപ്പം ശരീര വളര്‍ച്ചയും നടക്കുന്നതിനാല്‍ 4 വയസ്സില്‍ താഴെയുള്ള സങ്കരയിനം പശുക്കള്‍ക്ക് ഉത്പാദന റേഷനും ശരീര സംരക്ഷണ റേഷനും പുറമെ വളര്‍ച്ചാ റേഷനായി ഒരു കിലോ സാന്ദ്രീകൃതാഹാരം ആദ്യ കറവ കാലത്തും അരകിലോ വീതം രണ്ടാമത്തെ കറവകാലത്തും നല്‍കണം.


ചാലഞ്ച് തീറ്റക്രമവും ബൈപ്പാസ് മിശ്രിതങ്ങളും

പ്രസവം പ്രതീക്ഷിക്കുന്നതിന്റെ രണ്ടാഴ്ച മുമ്പ് മുതല്‍ തന്നെ പ്രസവാനന്തരം നല്‍കേണ്ട സാന്ദ്രീകൃത തീറ്റ നല്‍കാനാരംഭിക്കാം. ചെറിയ അളവില്‍ നല്‍കി, ദിനംപ്രതി അളവ് കൂട്ടി പ്രസവത്തോടെ 4-5 കി.ഗ്രാം എന്ന അളവില്‍ സാന്ദ്രീകൃത തീറ്റ ക്രമീകരിക്കാം. സ്റ്റീമിങ്ങ് അപ്പ് എന്നറിയപ്പെടുന്ന ഈ തീറ്റക്രമം ദഹനം സുഗമമാക്കും.

ശാസ്ത്രീയമായി കണക്കാക്കിയതിനേക്കാള്‍ ഒരല്‍പ്പം അധികം കാലിത്തീറ്റ തീറ്റയില്‍ ഓരോ നാല് ദിവസം കൂടുന്തോറും ഉള്‍പ്പെടുത്തുന്ന ചാലഞ്ച് തീറ്റക്രമവും അനുവര്‍ത്തിക്കാം. തീറ്റകൂടുന്തോറും കൂടുതല്‍ പാലുല്‍പാദിപ്പിക്കാന്‍ പശുക്കള്‍ക്ക് പ്രവണതയുണ്ട്. ഇങ്ങനെ തീറ്റ കൂട്ടിയായിട്ടും പാലില്‍ വ്യത്യാസമൊന്നും കാണിക്കാത്ത ഘട്ടത്തിലെത്തുമ്പോള്‍ ചാലഞ്ച് രീതി അവസാനിപ്പിക്കാം.

ഈ തീറ്റകള്‍ക്കെല്ലാം പുറമെ അത്യുല്‍പാദന ശേഷിയുള്ള പശുക്കള്‍ക്ക് ഉല്‍പാദനത്തിന്റെ ആദ്യതൊണ്ണൂറ് ദിവസങ്ങളില്‍ ഊര്‍ജ്ജ ലഭ്യത ഉയര്‍ന്ന സാന്ദ്രീകൃത തീറ്റകള്‍ (അരിക്കഞ്ഞി, ചോളപ്പൊടി) ഒരു കിലോഗ്രാംവരെ കര്‍ഷകര്‍ ദിവസേനെ നല്‍കാറുണ്ട്. അധിക സാന്ദ്രീകൃത തീറ്റകാരണമായുണ്ടാവാനിടയുള്ള ആമാശയ അമ്ലത തടയാന്‍ 100 ഗ്രാം സോഡിയം ബൈ കാര്‍ബണേറ്റ് (അപ്പക്കാരം)/മഗ്നീഷ്യം ഓക്‌സൈഡ് തീറ്റയില്‍ ദിവസേന നല്‍കാം.

പാലുത്പാദനത്തിന്റെ ആദ്യ രണ്ടു മാസം മതിയായ പോഷണങ്ങളും ഊര്‍ജ്ജവും ഉറപ്പുവരുത്തുന്നതിനായ ബൈപ്പാസ് കൊഴുപ്പുകള്‍, ബൈപ്പാസ് മാംസ്യങ്ങള്‍ അടങ്ങിയ പുത്തന്‍ തീറ്റകളും പശുക്കള്‍ക്ക് നല്‍കാം.ആമാശയത്തിലെ ആദ്യ അറയില്‍വെച്ച് നടക്കുന്ന സൂക്ഷ്മാണുക്കളുടെ വിഘടനത്തെ അതിജീവിക്കുന്ന ഈ സംരക്ഷിത തീറ്റകള്‍ നാലാം അറയില്‍വെച്ച് മാത്രമേ വിഘടിക്കുകയുള്ളൂ. പിന്നീട് നേരിട്ട് ആഗിരണം ചെയ്യപ്പെടും. പരുത്തിക്കുരു, സോയാപ്പിണ്ണാക്ക്, എള്ളിന്‍ പിണ്ണാക്ക് തുടങ്ങിയവയില്‍ ഇത്തരം പ്രകൃതിദത്തമായ ബൈപ്പാസ് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. പ്രകൃതിദത്തമായ കൊഴുപ്പിനെ സാങ്കേതിക വിദ്യ വഴി ബൈപ്പാസ് രൂപത്തിലാക്കിയ മിശ്രിതങ്ങളും വിപണിയില്‍ ലഭ്യമാണ്.

ബൈപ്പാസ് കൊഴുപ്പ് മിശ്രിതങ്ങള്‍ അത്യുല്‍പാദനശേഷിയുള്ള പശുക്കള്‍ക്ക് ദിവസേന 150 മുതല്‍ 200 ഗ്രാം വരെ നല്‍കാം. ആദ്യം ചെറിയ അളവില്‍ നല്‍കി ക്രമേണ ഒരാഴ്ചകൊണ്ട് പൂര്‍ണ്ണ തോതില്‍ ബൈപ്പാസ് തീറ്റകള്‍ നല്‍കാം. പ്രസവം പ്രതീക്ഷിക്കുന്നതിന്റെ പത്ത് ദിവസം മുന്‍പ് മുതല്‍ പ്രസവാനന്തരം 90 ദിവസം വരെ ബൈപ്പാസ് തീറ്റകള്‍ നല്‍കാം. പാലുല്‍പ്പാദനവും,പാലുല്‍പ്പാദനം ഉയര്‍ന്ന തോതില്‍ നീണ്ടു നില്‍ക്കുന്ന കാലയളവും വര്‍ദ്ധിക്കുന്നതിനൊപ്പം ഊര്‍ജ്ജക്കമ്മിപോലുള്ള രോഗങ്ങള്‍ തടയുകയും ചെയ്യാം.

വിശദവിവരങ്ങൾക്കും സംശയനിവാരണങ്ങൾക്കും ഇത്തരം വാർത്തകൾക്കുമായി...

മൊബൈൽ& ബിസിനസ് വാട്സാപ്പ്@ +917907048573

വെബ്സൈറ്റ്@ www.areklm.com

ഇ-മെയിൽ# areklm0076@gmail.com

2 views0 comments